തൊടുപുഴ: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ജില്ലയിലും ശക്തമായി. ഇന്നലെ കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്നു പേര് മരിച്ചതോടെയാണ് സുരക്ഷിതമല്ലാത്ത വിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നത്.
തിരക്കേറിയ റോഡാണെങ്കില്‍ പോലും മറ്റു വാഹനങ്ങളെ പരിഗണിക്കാതെയും മനുഷ്യ ജീവനു പുല്ലുവില കല്പ്പിച്ചുമാണ് ഇവരുടെ പരക്കം പാച്ചില്‍. തൊടുപുഴ നഗരത്തിലും സമീപ പാതകളിലും സ്കൂള്‍ സമയങ്ങളിലാണ് ടിപ്പറുകള്‍ പായുന്നത്.
ടിപ്പര്‍, ടോറസ് ലോറികളില്‍ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയില്‍ മൂടാതെ പാറക്കഷണങ്ങളും മണ്ണും മണലും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലാണ് പല ടിപ്പറുകളും പായുന്നത്.
അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായാണ് വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയായി ടിപ്പറുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം. പിന്നാലെ വരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകള്‍ ഭാഗം പൂര്‍ണമായി മൂടണമെന്നാണു നിയമം.
എന്നാല്‍ ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ ലോറിയില്‍ നിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായി നിരോധിത സമയത്തും ചീറിപ്പായുന്ന ടിപ്പറുകള്‍ കാണാം. രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയും ടിപ്പര്‍, ടോറസ് ലോറികള്‍ തിരക്കേറിയ റോഡുകളില്‍ ഓടുന്നതിനു ജില്ലയില്‍ നിരോധനമുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇതു ലംഘിച്ചും ടിപ്പറുകള്‍ ഓടുന്നുണ്ട്. തൊടുപുഴ-തെക്കുംഭാഗം -ആനക്കയം റോഡിലും കാഞ്ഞിരമറ്റം റോഡിലും സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ പായുന്നുണ്ട്. നാലോളം പാറമടകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
തെക്കുംഭാഗത്ത് കഴിഞ്ഞ ദിവസം സ്കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറി നാട്ടുകാരന് തന്നെ തടഞ്ഞ് പോലീസിനെ അറിയിച്ചിരുന്നു. ഇതിനു പുറമേ ടിപ്പറുകളില്‍ കയറ്റുന്ന സാധനസാമഗ്രികളുടെ അളവിലും വ്യക്തതയില്ല. അമിത അളവില്‍ മണ്ണും കല്ലും പാറ ഉത്പന്നങ്ങളും കയറ്റിയാണ് വാവനങ്ങള് ഓടുന്നത്.
പലപ്പോഴും വിജിലന്‍സും റവന്യു വകുപ്പും പരിശോധന നടത്തി അമിതലോഡ് പിടികൂടാറുണ്ടെങ്കിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെടും.പലപ്പോഴും വാഹനങ്ങള്‍ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ പതിവുസഞ്ചാരം റോഡിന്റെ തകര്‍ച്ചയ്ക്കും വഴിതെളിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പാറ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ മൂടിയില്ലാതെ ടിപ്പര്‍ ലോറികള്‍ ഓടുന്നതു യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
വീതികുറവായ ഗ്രാമീണ റോഡുകളില്‍ കൂടിയുള്ള ടിപ്പറുകളുടെ ഓട്ടം ഇരുചക്ര വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും അപകടഭീതിയിലാക്കുന്നതായും പരാതിയുണ്ട്.